താമരശ്ശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; ഉടമ കസ്റ്റഡിയില്‍

 | 
Dog Attack

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി, അമ്പായത്തോടിലാണ് സംഭവം. ഫൗസിയ എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ജോലിക്ക് പോകുകായിരുന്ന ഇവരെ വഴിയില്‍ നില്‍ക്കുകയായിരുന്ന നായകള്‍ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവത്തില്‍ സാരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

താമരശ്ശേരി വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ കൊച്ചുമകന്‍ റോഷന്‍ വളര്‍ത്തുന്ന നായകളാണ് ഫൗസിയയെ ആക്രമിച്ചത്. റോഡില്‍ അശ്രദ്ധമായി തുറന്നുവിട്ടിരുന്ന ഇവ നടന്നു വരികയായിരുന്ന ഫൗസിയയെ ആക്രമിക്കുകയായിരുന്നു. റോഷനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നായകളുടെ കടിയില്‍ നിന്ന് നാട്ടുകാര്‍ വളരെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.

ഈ നായകള്‍ മുന്‍പും രണ്ടു പേരെ ആക്രമിച്ചിട്ടുണ്ട്. എസ്‌റ്റേറ്റിലെ ജീവനക്കാരനായ പ്രഭാകരന്‍ എന്നയാളെ കഴിഞ്ഞ മാസമാണ് ഇവ ആക്രമിച്ചത്. തലയിലും കൈയിലും മുതുകിലും കടിയേറ്റ പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സിച്ചത്. അക്രമകാരികളായ വിദേശയിനം നായകളാണ് ഇവയെന്നും അവയെ അശ്രദ്ധമായി അഴിച്ചുവിട്ടിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.