ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത, നാളെ ഓറഞ്ച് അലര്‍ട്ട്
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെയും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു.
ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.