കോഴിക്കോട് ബാങ്കില്‍ കയറി യുവാവ് ജീവനക്കാരിയെ വെട്ടി; ആക്രമണം ഭാര്യയെന്ന് കരുതി
കോഴിക്കോട് നന്മണ്ട സഹകരണ ബാങ്ക് ജീവനക്കാരിയെ യുവാവ് ബാങ്കില്‍ കയറി വെട്ടി പരിക്കേല്‍പിച്ചു. ബാങ്ക് ജീവനക്കാരിയായ ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. നന്മണ്ട സ്വദേശി മാക്കാടമ്പാക്കത്ത് ബിജുവാണ് ആക്രമണം നടത്തിയത്. ബാങ്കിലെ ജീവനക്കാരിയായ ഇയാളുടെ ഭാര്യയാണെന്ന് കരുതിയാണ് ഗ്രീഷ്മയെ വെട്ടിയതെന്ന് പോലീസ് അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഗ്രീഷ്മയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മാസ്‌ക് വെച്ചതിനാലാണ് ആളുമാറിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തേയും ഇയാള്‍ ബാങ്കിലെത്തി ഭീഷണി മുഴക്കിയിട്ടുണ്ടന്ന് ജീവനക്കാര്‍ പറഞ്ഞു.
ഇതേ ബാങ്കിലെ ക്ലര്‍ക്കാണ് ബിജുവിന്റെ ഭാര്യ. ഇവര്‍ ഏറെനാളായി അകന്നു കഴിയുകയാണ്. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇയാള്‍ ആയുധവുമായെത്തിയത്.