വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍
വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കമ്പളക്കാട്ട് നെല്‍വയലില്‍ കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് കൊല്ലപ്പെട്ടത്. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെ വേട്ടയാടാന്‍ ഇറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.
കസ്റ്റഡിയിലായവര്‍ പ്രദേശവാസികള്‍ തന്നെയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കാട്ടുപന്നിയെ വേട്ടയാടാനാണ് തങ്ങള്‍ എത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. വയലില്‍ കാവലിരുന്ന രണ്ടു പേര്‍ക്കാണ് വെടിയേറ്റത്.
കോട്ടത്തറ സ്വദേശികളായ നാലുപേരാണ് വണ്ടിയാമ്പറ്റയിലെ വയലില്‍ കാവലിന് എത്തിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ജയന്റെ ബന്ധു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.