സംസ്ഥാനത്ത് സിക വൈറസ് നിയന്ത്രണ വിധേയം

 | 
zica

കേരളത്തിൽ സിക വൈറസ് നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്.  ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു.
 ഒരാള്‍ക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചിട്ടിലെന്നും വൈറസ് ബാധിതരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഗർഭിണികൾക്ക്  സാരമായി ബാധിക്കുന്ന സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് (മൈക്രോസെഫാലി) കാരണമാകും. അതിനാൽ പനി തുടങ്ങിയ ലക്ഷണമുള്ള എല്ലാ ഗർഭിണികളേയും പരിശോധിച്ചു. 4252 ഗർഭിണികളെ സ്‌ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് കേസുകൾ മാത്രമാണ് ഉണ്ടായത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് സികയെ ഇത്രവേഗം പ്രതിരോധിക്കാനായതെന്നും മന്ത്രി അറിയിച്ചു.