മണ്ണെണ്ണ വിലയും കൂട്ടി; പെട്രോള്‍ വില സംസ്ഥാനത്ത് 113 രൂപയിലേക്ക്

 | 
kerosene

പെട്രോള്‍, ഡീസല്‍ വിലയിലും എല്‍പിജി വിലയിലും വരുത്തിയ വര്‍ദ്ധനവിന് പുറമേ മണ്ണെണ്ണ വിലയിലും വര്‍ദ്ധന. ഒരു ലിറ്ററിന് എട്ടു രൂപയാണ് മണ്ണെണ്ണയ്ക്ക് വര്‍ദ്ധിപ്പിച്ചത്. ഒരു ലിറ്ററിന് 47 രൂപയായിരുന്ന മണ്ണെണ്ണ വില ഇതോടെ 55 രൂപയായി ഉയര്‍ന്നു. മൊത്തവിലയില്‍ 6.70 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

റേഷന്‍ കടകളിലല്‍ മുന്‍ഗണനാ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് എല്ലാം പുതിയ വിലയാണ് നല്‍കേണ്ടി വരുക. പെട്രോളിന് ഇന്ന് 37 പൈസ വര്‍ദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 112.41 രൂപയായി. സെപ്റ്റംബര്‍ 24ന് ശേഷം പെട്രോളിന് 27 തവണയും ഡീസലിന് 29 തവണയും വില കൂട്ടിയെന്നാണ് കണക്ക്.

എല്‍പിജി വാണിജ്യ സിലിന്‍ഡറിന് ഇന്നലെ 268 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. വില കുറഞ്ഞ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെട്ട എല്‍എന്‍ജി വിലയും വര്‍ദ്ധിച്ചു. രണ്ടു മാസത്തിനിടെ 10 രൂപയുടെ വര്‍ദ്ധനവാണ് എല്‍എന്‍ജിക്ക് രേഖപ്പെടുത്തിയത്. തൃശൂരില്‍ കിലോഗ്രാമിന് 70 രൂപയാണ് എല്‍എന്‍ജി വില.