കൊച്ചി മയക്കുമരുന്ന് കേസ്; വിട്ടയച്ച യുവതി വീണ്ടും അറസ്റ്റില്‍

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 | 
Thwaiba
കാക്കനാട് എംഡിഎംഎ കേസില്‍ എക്‌സൈസ് വിട്ടയച്ച യുവതിയെ വീണ്ടും അറസ്റ്റ് ചെയ്തു.

കൊച്ചി: കാക്കനാട് എംഡിഎംഎ കേസില്‍ എക്‌സൈസ് വിട്ടയച്ച യുവതിയെ വീണ്ടും അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനി  ത്വൈബയെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യാനായി എക്‌സൈസ് ഓഫീസില്‍ എത്തിച്ച യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

യുവതിയെ പ്രതിചേര്‍ക്കാതെ വിട്ടയച്ചത് വിവാദമായതോടെയാണ് എക്‌സൈസ് ഇവരെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിച്ചു വരുത്തിയത്. തൈബയും ഒപ്പമുണ്ടായിരുന്ന ഷബ്‌നയും ചേര്‍ന്ന് ലഹരി മരുന്ന് ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നായക്കളുടെ തീറ്റയുടെ കവറിലാണ് ഇവര്‍ മയക്കു മരുന്ന് ഒളിപ്പിക്കാന്‍ ശ്രമിച്ചത്. ചെന്നൈയില്‍ നിന്നാണ് സംഘം മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചത്. 

തൈബയും മൂന്ന് യുവാക്കളും അടങ്ങുന്ന സംഘമാണ് ചെന്നൈയില്‍നിന്ന് കാറില്‍ ലഹരിമരുന്ന് എത്തിച്ചതെന്നാണ് വിവരം. സംഘം നേരത്തേ കൊച്ചിയില്‍ താമസിച്ചിരുന്ന മറ്റ് അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചും ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരം. ഇതനുസരിച്ച് കൊച്ചിയിലെ ചില അപ്പാര്‍ട്ട്‌മെന്റുകള്‍ എക്സൈസ് നിരീക്ഷിച്ചു വരികയാണ്. 

ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തത്. കേസില്‍ ആദ്യം ഏഴ് പ്രതികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരു യുവതിയെയും യുവാവിനെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കേസിന്റെ മഹസര്‍ തയ്യാറാക്കിയതിലും പൊരുത്തക്കേടുകളുണ്ടായി. ഇതോടെയാണ് ലഹരിമരുന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായത്. തുടര്‍ന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.