കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി

കപ്പല്‍ശാലക്കെതിരെ മൂന്നാം ഭീഷണിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്
 | 
Shipyard
കൊച്ചി കപ്പല്‍ നിര്‍മാണശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി

കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി. ഇമെയിലിലൂടെയാണ് പുതിയ ഭീഷണി എത്തിയിരിക്കുന്നത്. കപ്പല്‍ശാലക്കെതിരെ മൂന്നാം ഭീഷണിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മുന്‍പ് ലഭിച്ച ഭീഷണി സന്ദേശങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിനാണ്പുതിയ ഇമെയില്‍ ലഭിച്ചത്. 

കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണ ഘട്ടത്തിലുള്ള വിമാന വാഹിനി ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ആദ്യ ഭീഷണി. ഓഗസ്റ്റ് 24ന് ലഭിച്ച ഇമെയിലിന്റെ വിലാസവും ഐപിയും കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുള്ള പ്രോട്ടോണ്‍ വിഭാഗത്തിലുള്ള ഭീഷണിയായിരുന്നു അത്. ഇതേത്തുടര്‍ന്ന് കപ്പല്‍ നിര്‍മാണശാല നല്‍കിയ പരാതിയില്‍ ഐടി ആക്ട് 385 അനുസരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് കപ്പല്‍ശാല തകര്‍ക്കുമെന്ന് കാട്ടി രണ്ടാമത് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഈ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതും പോലീസിന് കൈമാറിയിരുന്നു. ആദ്യ ഭീഷണിയില്‍ കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും സന്ദേശത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഭീഷണിയുമായി ബന്ധപ്പെട്ട് കപ്പല്‍ശാല ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു.