കൊച്ചി വാട്ടർ മെട്രോ മില്യൺ മെട്രോ; വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയവരോട് നന്ദി അറിയിച്ച് മന്ത്രി പി രാജീവ്
കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് നന്ദി അറിയിച്ച് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ഇന്ന്. ചിലവ് കുറഞ്ഞതും കുരുക്കിൽ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവിൽ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നത് എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതെങ്കിൽ കഴിഞ്ഞ മാസം മുതൽ ഹൈക്കോർട്ട്-ബോൾഗാട്ടി റൂട്ടിലേക്കും സർവീസ് ആരംഭിക്കാൻ മെട്രോയ്ക്ക് സാധിച്ചിരുന്നു. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.