കൊടകര കുഴല്‍പ്പണക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കൊടകര കുഴല്‍പ്പണക്കേസ് പ്രതി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കേസിലെ 19-ാം പ്രതിയായ വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് ആത്മഹത്യാശ്രമം നടത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ച ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഡ്വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച എഡ്വിനെ ചോദ്യം ചെയ്യാനായി തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ ശേഷമാണ് സംഭവം. അന്വേഷണ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായും കുടുംബത്തെ മാനസിക സമ്മര്‍ദത്തിലാക്കി പീഡിപ്പിച്ചെന്നും എഡ്വിന്‍ ഡോക്ടര്‍ക്കും പോലീസിനും മൊഴി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 3നാണ് ദേശീയപാതയില്‍ കൊടകരയില്‍ വെച്ച് കാറില്‍ നിന്ന് മൂന്നരക്കോടി രൂപ ഒരു സംഘം കവര്‍ന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. പണം ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.