പോലീസില്‍ നിര്‍ണ്ണായക ചുമതലകളിലെത്താന്‍ ആര്‍എസ്എസ് ചായ്‌വുള്ളവരുടെ ശ്രമമെന്ന് കോടിയേരി

പോലീസിലെ നിര്‍ണ്ണായക ചുമതലകളില്‍ എത്താന്‍ ആര്‍എസ്എസ് ചായ്‌വുള്ളവര്‍ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് കോടിയേരിയുടെ പരാമര്‍ശം. പോലീസില്‍ സംഘപരിവാര്‍ സ്വാധീനമുള്ളവര്‍ കൂടുന്നതായി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആകാനാണ് താല്‍പര്യമെന്നും സിപിഎം അനുകൂലികളായ പോലീസുകാര്‍ക്ക് റൈറ്റര്‍ പോലെയുള്ള തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും കോടിയേരി പറഞ്ഞു. സ്റ്റേഷന്‍ ജോലികള്‍ ചെയ്യുന്നവരില്‍ ആര്‍എസ്എസ് അനുകൂലികളുണ്ട്. അതേസമയം ഇടത് അനുകൂലികളായ പോലീസുകാര്‍ ജോലിഭാരം കുറവുള്ള തസ്തികകള്‍ തേടുകയാണ്.
സ്‌പെഷ്യല്‍ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലികളാണ് ഇവര്‍ക്ക് താല്‍പര്യം. അവര്‍ പോകുമ്പോള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയറിക്കൂടുകയാണ്. സ്‌റ്റേഷനിലെ നിര്‍ണ്ണായക ചുമതലയാണ് റൈറ്ററുടേത്. അവിടേക്ക് ആര്‍എസ്എസുകാര്‍ കയറിക്കൂടുകയാണ്. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുകയാണെന്നും കോടിയേരി പറഞ്ഞു. കേരള പോലീസില്‍ സംഘപരിവാര്‍ സ്വാധീനം കൂടുന്നതായി സിപിഐ നേതാവ് ആനിരാജയും വിമര്‍ശിച്ചിരുന്നു.