കോളാമ്പി സ്പീക്കറുകൾ 24 മണിക്കൂറിനകം നീക്കണം; ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ

 | 
colambi

നിരോധിക്കപ്പെട്ട കോളാമ്പി സ്പീക്കറുകൾ 24 മണിക്കൂറിനകം നീക്കണമെന്നാവശ്യപ്പെട്ട് ആരാധനാലയങ്ങൾക്ക് സംസ്ഥാന സർക്കാർ നോട്ടീസ് നൽകി. സംസ്ഥാനത്തെ 250ഓളം ആരാധനാലയങ്ങൾക്കാണ് സർക്കാർ നോട്ടീസ് നൽകിയത്. ഇതനുസരിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിലുണ്ട്. 

നിരോധിത കോളാമ്പ് സ്പീക്കറുകൾ നിരവധി ആരാധനാലയങ്ങൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചിരുന്നു. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവയെല്ലാം പട്ടികയിലുണ്ട്.

ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി 2018ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കോളാമ്പ് സ്പീക്കറുകൾ നിരോധിച്ചിരുന്നു. മുതുകുളം സ്വദേശി എ.വി. മോഹനൻപിള്ള സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. 2020ൽ ഹൈക്കോടതി കോളാമ്പി മൈക്കുകളുടെ ഉപയോഗം കേരളത്തിലെമ്പാടും നിരോധിച്ചതോടെ ഒട്ടുമിക്ക ആരാധനാലയങ്ങളുടെ അവയുടെ ഉപയോഗം അവസാനിപ്പിച്ചിരുന്നു. എങ്കിലും ചില ആരാധനാലയങ്ങൾ ഇപ്പോഴും കോളാമ്പി സ്പീക്കറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.