ബാംഗ്ളൂരിനെ തകർത്ത് കൊൽക്കത്ത; കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞു

 കോഹ്‌ലിയുടെ ബാംഗ്ലൂർ നായകൻ ആയിട്ടുള്ള അവസാന മത്സരത്തിൽ തോൽവി നാല് വിക്കറ്റിന്
 | 
Kkr
 


കോഹ്‌ലിയുടെ  ഐപിഎൽ കിരീടമോഹം   കൊൽക്കത്ത തകർത്തു. ബാംഗ്ലൂർ ക്യാപ്റ്റൻ ആയിട്ടുള്ള കോഹ്‌ലിയുടെ അവസാന മത്സരമായി മാറി ഇത്. ഈ സീസൺ കഴിഞ്ഞാൽ നായകസ്ഥാനം വിടും എന്നു കോഹ്‌ലി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബാംഗ്ലൂർ ടീമിൽ തന്നെ തുടരും എന്ന്  കോഹ്‌ലി അറിയിച്ചു.

 റോയൽ ചാലഞ്ചേഴ്സിനെ 4 വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ് ഐപിഎൽ രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശിച്ചു. ഫൈനലിൽ ചെന്നൈയെ നേരിടാൻ ഇനി കൊൽക്കത്തക്ക് ഡൽഹിയെ തോൽപിക്കണം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂർ ടീമിനെ ചെറിയ സ്കോറിൽ ഒതുക്കിയത് നാല് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരേൻ ആണ്. കോഹ്‌ലി, ശ്രീകർ ഭരത്, ഗ്ലെൻ മാക്സ്വെൽ, എ.ബി ഡിവില്ലേഴ്‌സ് എന്നിവരെ പുറത്താക്കിയ നരേൻ 4 ഓവറിൽ 21 റൺസ് ആണ് വഴങ്ങിയത്. 
49 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ബാംഗ്ളൂരിന് നല്ല സ്കോർ സമ്മാനിക്കും എന്നു കരുത്തിയപ്പോൾ ആണ് ഫെർഗൂസന്റെ പന്തിൽ പടിക്കൽ(21) ക്ളീൻ ബൗൾഡ് ആവുന്നത്. 20 റൺസ് കൂടി ചേർത്ത ശേഷം സുനിൽ നരേനെ ഉയർത്തിയടിക്കാൻ ഉള്ള ശ്രമത്തിൽ മികച്ച ഫോമിൽ ഉള്ള ശ്രീകർ ഭരത് (9) പുറത്താവുന്നു. സ്കോർ 88ൽ നിൽക്കെ 39 റൺസ് എടുത്ത നായകൻ കോഹ്‌ലിയെ നരേൻ ക്ളീൻ ബൗൾഡ് ആക്കുന്നു. പിന്നാലെ മാക്സ്വെൽ(15), ഡിവില്ലേഴ്‌സ്(11) എന്നിവരെയും പുറത്താക്കി നരേൻ ബാംഗ്ളൂരിനെ അവസാന ഓവറുകളിൽ പിടിച്ചു കെട്ടുന്നു.
20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആണ് ബാംഗ്ലൂർ 138 റൺസ് നേടുന്നത്. ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ശുഭമൻ ഗിൽ (29), വെങ്കിടേഷ് അയ്യർ (26), നിതീഷ് റാണ(23), സുനിൽ നരേൻ(26) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രണ്ടു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യം കണ്ടു. ചാഹൽ, ഹർഷൽ പട്ടേൽ, സിറാജ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. നരേൻ ആണ് മാൻ ഓഫ് ദി മാച്ച്.