ആവേശം നിറഞ്ഞ മത്സരത്തിൽ ഡൽഹിയെ തകർത്ത് കൊൽക്കത്ത ഫൈനലിൽ

വിജയം അവസാന ഓവറിൽ; ചെന്നൈയുമായുള്ള ഫൈനൽ 15ന്
 | 
Kkr
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ രാഹുൽ ത്രിപതി കൊൽക്കത്തയെ ഐപിഎൽ ഫൈനലിൽ എത്തിച്ചു. അങ്ങേയറ്റം ടെൻഷൻ നിറഞ്ഞ അവസാന ഓവറിൽ 2 വിക്കറ്റ് ഡൽഹി വീഴ്ത്തി എങ്കിലും രവിചന്ദ്രൻ അശ്വിന് ടീമിനെ വിജത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. 

136 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് 123ന് 1 എന്ന ശക്തമായ നിലയിൽ നിന്നും 130ന് 7 എന്ന നിലയിലേക്ക് കൊൽക്കത്ത കൂപ്പുകുത്തി. ഒരു നിമിഷം ഡൽഹി വിജയം മണത്തു എങ്കിലും രാഹുൽ ത്രിപതി ആ സ്വപനം തല്ലിക്കെടുത്തി. അശ്വിൻ എറിഞ്ഞ  അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 7 റൺസ്. ഷാക്കിബും സുനിൽ നരേനും റൺ എടുക്കാതെ പുറത്തായി. എങ്കിലും അവസാന ഓവറിലെ അഞ്ചാം ബോൾ സിക്സ് പറത്തി കൊൽക്കത്ത വിജയിച്ചു. 
മോർഗൻ, കാർത്തിക്ക്, ഷാക്കിബ്, നരേൻ എന്നിവർ പൂജ്യത്തിന് പുറത്തായി. 

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് ആദ്യം പൃഥ്വി ഷോയുടെ വിക്കറ്റാണ് നഷ്ടമായത്. 18 റൺസ് എടുത്ത ഷോയെ ചക്രവർത്തി വിക്കറ്റിന് മുന്നിൽ കുടുക്കി. ശിഖർ ധവാൻ, സ്റ്റോയ്ണിസ് കൂട്ടുകെട്ട് മെല്ല കളി തിരികെ പിടിച്ചെങ്കിലും 18 റൺസ് എടുത്ത സ്റ്റോയ്ണിസിനെ പുറത്താക്കി ശിവം മാവി കൊൽക്കത്തക്ക് മുൻതൂക്കം നൽകി. അധികം വൈകാതെ ചക്രവർത്തി ശിഖർ ധവാനേയും പുറത്താക്കി. 39 പന്തിൽ ആണ് ധവാൻ 36 റൺസ് നേടിയത്. നായകൻ പന്ത് വന്നതും പുറത്തായി. 6 പന്തിൽ 6 റൺസ് എടുത്ത ഋഷഭിനേ ഫെർഗൂസൻ ആണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ ഹെത്ത്മെയർ 10 പന്തിൽ നേടിയ 17 റൺസും ശ്രേയസ് അയ്യർ പുറത്താകാതെ നേടിയ 30 റൺസും ആണ് ഡെൽഹിയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 

മറുപടി ബാറ്റിംഗ് തുടങ്ങി കൊൽക്കത്തക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകി. വെങ്കിടേഷ് അയ്യർ കത്തിക്കയറി. ഒന്നാം വിക്കറ്റിൽ 96 റൺസ് ആണ് ഇവർ നേടിയത്. 41 പന്തിൽ  56 റൺസ് നേടി അയ്യർ പുറത്തായി. പിന്നാലെ വന്ന നിതീഷ് റാണ 13 റൺസ് നേടി പുറത്തായി. തുടർന്നാണ് വിക്കറ്റുകളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. ഗിൽ 46ന് പുറത്തായി.
ഡൽഹിക്ക് വേണ്ടി നോക്യ, അശ്വിൻ, റബാദ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.