കോട്ടയം-ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം

 | 
Earthquake

കോട്ടയം-ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. ഇടുക്കിയിലെ ഭൂകമ്പമാപിനിയില്‍ ഇത് രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 1.99 ആണ് രേഖപ്പെടുത്തിയ തീവ്രത. കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാര്‍, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനം ഉണ്ടായത്.

മീനച്ചിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സൂചന. 15 സെക്കന്‍ഡോളം നേരം നീണ്ടു നിന്നു. ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായും വിറയല്‍ അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. മുഴക്കം ഭൂകമ്പമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.