കോവളത്ത് വിദേശിയെ തടഞ്ഞ് അവഹേളിച്ച സംഭവം; പോലീസിന് എതിരെ മന്ത്രി മുഹമ്മദ് റിയാസ്

 | 
Kovalam Incident
കോവളത്ത് വിദേശിയെ തടഞ്ഞ് പരിശോധിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന ആക്ഷേപത്തില്‍ പോലീസിന് എതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത് സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകും. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടിയെടുക്കട്ടെയെന്നും സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ളുവെക്കുന്ന നടപടി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പോലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. അന്വേഷണത്തിലൂടെ അവര്‍ അത് നടത്തട്ടെ. ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നിലപാടല്ല ഇത്. ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ കേരളത്തിന്റെ ടൂറ്സ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്ന് വരാനുള്ള പുതിയ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. കോവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പൈടണം. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം' എന്നാണ് റിയാസ് വ്യക്തമാക്കിയത്.

കോവളത്തെ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ കാരനായ സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെയാണ് പോലീസ് തടഞ്ഞത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന മദ്യത്തിന്റെ ബില്ല് കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ബിവറേജസില്‍ നിന്ന് വാങ്ങിയ മദ്യത്തിനൊപ്പം കിട്ടിയ ബില്‍ എടുത്തില്ലെന്നായിരുന്നു സ്റ്റീഫിന്റെ മറുപടി. ഇതോടെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ബില്ല് കൊണ്ടുവന്നാല്‍ മദ്യം കൊണ്ടുപോകാമെന്ന് പോലീസ് നിലപാട് മാറ്റി.

ഇതോടെ സ്റ്റീഫന്‍ തന്റെ കൈവശമുണ്ടായിരുന്ന രണ്ടു കുപ്പികളിലെ മദ്യം ഒഴുക്കി കളയുകയായിരുന്നു. പോലീസ് തന്നോട് ദേഷ്യത്തില്‍ സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ട് മൂലമാണ് മദ്യം ഒഴുക്കി കളഞ്ഞതെന്ന് സ്റ്റീഫന്‍ പിന്നീട് പ്രതികരിച്ചിരുന്നു.