കോവളത്ത് വിദേശിയെ തടഞ്ഞ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
കോവളത്ത് വിദേശിയെ തടഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ പോലീസിന് എതിരെ നടപടി. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ബിവറേജസില്‍ നിന്ന് വാങ്ങിയ മദ്യമാണെന്ന് വ്യക്തമായിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.
എന്നാല്‍ പോലീസ് വിദേശിയെ അവഹേളിച്ചെന്ന വാദം തെറ്റാണെന്ന് ഡിസിപി വൈഭവ് സക്‌സേന നേരത്തേ പ്രതികരിച്ചിരുന്നു. വിവരങ്ങള്‍ ചോദിച്ചത് വാഹന പരിശോധനയുടെ ഭാഗമായാണ്. നിലവില്‍ കണ്ട ദൃശ്യങ്ങളില്‍ അവഹേളിക്കുന്ന തരത്തില്‍ ഒന്നുമില്ല. വിദേശിയുടെ കയ്യില്‍ ബില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വൈഭവ് സക്‌സേന പറഞ്ഞു. അതേസമയം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത് സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകും. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടിയെടുക്കട്ടെയെന്നും സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ളുവെക്കുന്ന നടപടി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോവളത്തെ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ കാരനായ സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെയാണ് പോലീസ് തടഞ്ഞത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന മദ്യത്തിന്റെ ബില്ല് കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ ബിവറേജസില്‍ നിന്ന് വാങ്ങിയ മദ്യത്തിനൊപ്പം കിട്ടിയ ബില്‍ എടുത്തില്ലെന്നായിരുന്നു സ്റ്റീഫിന്റെ മറുപടി. ഇതോടെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ബില്ല് കൊണ്ടുവന്നാല്‍ മദ്യം കൊണ്ടുപോകാമെന്ന് പോലീസ് നിലപാട് മാറ്റി. ഇതോടെ സ്റ്റീഫന്‍ തന്റെ കൈവശമുണ്ടായിരുന്ന രണ്ടു കുപ്പികളിലെ മദ്യം ഒഴുക്കി കളയുകയായിരുന്നു. പോലീസ് തന്നോട് ദേഷ്യത്തില്‍ സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ട് മൂലമാണ് മദ്യം ഒഴുക്കി കളഞ്ഞതെന്ന് സ്റ്റീഫന്‍ പിന്നീട് പ്രതികരിച്ചിരുന്നു.