കോവിഡ് കേസുകള്‍ ഉയരുന്നു; തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍, രാത്രി കര്‍ഫ്യൂ

 | 
Lock Down

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനമായി. കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോണ്‍ കേസുകള്‍ കൂടി വര്‍ദ്ധിച്ചതോടെയാണ് നടപടി.

ചെന്നൈ കോര്‍പറേഷനില്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. കൂടാതെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കാനും തീരുമാനമായി. വിദ്യാലയങ്ങളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമാക്കി. കോളേജുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിങ്കളാഴ്ച 1728 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച ഇത് 2731 ആയി ഉയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.