രാജ്യത്തെ കോവിഡ് കേസുകള്‍ 2 ലക്ഷത്തിന് അടുത്ത്; ടിപിആര്‍ 11 ശതമാനത്തിന് മുകളില്‍

 | 
Covid

രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1.94 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1.68 ലക്ഷം കേസുകളേക്കാള്‍ 15.8 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 11.5 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഒന്നര ലക്ഷത്തിന് മേല്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

രാജ്യത്ത് ഇതുവരെ 4868 ഓമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയാണ് ഒമിക്രോണ്‍ കേസുകളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. 1281 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. 645 കേസുകളുമായി രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ 546ഉം കര്‍ണാടകയില്‍ 479ഉും കേരളത്തില്‍ 350ഉം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൂന്നാം തരംഗത്തില്‍ 29 സംസ്ഥാനങ്ങളിലെ 120 ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 10 ശതമാനത്തിന് മേലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വാക്‌സിന്‍ ദൗത്യം ആരംഭിച്ചതു മുതല്‍ ഇതുവരെ 153 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസ് പിന്നിട്ടവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.