കോവിഡ് വ്യാപനം; സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഇല്ല, സ്‌കൂളുകള്‍ ഉടന്‍ അടയ്‌ക്കേണ്ടെന്ന് തീരുമാനം

 | 
night curfew

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ തല്‍ക്കാലം ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. സ്‌കൂളുകള്‍ അടയ്‌ക്കേണ്ടെന്നും തീരുമാനമായി.

അതേസമയം പൊതു, സ്വകാര്യ പരിപാടികള്‍ക്ക് ആള്‍ക്കൂട്ടം നിയന്ത്രിക്കും. പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളു. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണമെന്ന് അവലോകനയോഗം നിര്‍ദേശിച്ചു. ഓഫീസുകളുടെ പ്രവര്‍ത്തനവും പരമാവധി ഓണ്‍ലൈനാക്കണം.

കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യത്തില്‍ അടുത്ത അവലോകനയോഗം തീരുമാനമെടുക്കും. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കുമെന്നാണ് സൂചന.