ജയിലുകളിലും കോവിഡ് പടരുന്നു; പൂജപ്പുര സെൻട്രൽ ജയിലിൽ 262 തടവുകാർക്ക് രോഗം

പൂജപ്പുര സെൻട്രൽ ജയിലിൽ 262 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ തടവുകാരായ രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസുകാർക്കിടയിലും കോവിഡ് വ്യാപിക്കുന്നുണ്ട്.
ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്. നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിർത്തികളിലും പരിശോധന കടുപ്പിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ പൊലീസ് പരിശോധന കർശനമാക്കും. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സർവീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോർഡ് ടിപിആറിന് പിന്നാലെ കൂടുതൽ ആശുപത്രി കിടക്കകൾ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.