കോവിഡ് വ്യാപനം വേഗത്തിലാവുന്നു; രാജ്യത്തെ പ്രതിദിന കേസുകൾ ഒരു ലക്ഷം കടന്നു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. 24 മണിക്കൂറിൽ 1,17,100 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേതിലും 28 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്
രാജ്യത്തെ ആകെ മരണം 4,83,178 ആയി. രാജ്യത്ത് വീണ്ടും കോവിഡ് ശക്തമാകുന്നതിന്റെ സൂചനകളാണ് കണക്കുകൾ നൽകുന്നത്. മുംബൈയിൽ ഇന്നലെ മാത്രം പ്രതിദിന കേസുകൾ 20,000 കടന്നിരുന്നു. ഒറ്റ ദിവസം 377 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 3,007 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോവിഡ് കേസുകൾ മുംബൈയിൽ 20,000 പിന്നിട്ടതോടെ ലോക്ഡൗൺ ഏർപെടുത്തുന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നുണ്ട്. മുംബൈയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.