കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് ശേഷം സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു
കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു (നന്ദകുമാര്‍-31) ആണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് നന്ദു തിക്കോടി കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയയെ (22) തീകൊളുത്തിയത്. തിക്കോടി പഞ്ചായത്ത് ഓഫീസില്‍ പ്ലാനിംഗ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താല്‍ക്കാലിക ഒഴിവില്‍ നിയമിതയായ കൃഷ്ണപ്രിയയെ ഓഫീസിന് മുന്നില്‍ വെച്ചാണ് നന്ദു ആക്രമിച്ചത്. രാവിലെ ഓഫീസിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന പേരില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നാലെ ഇയാളും ശരീരത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.
നിലവിളി കേട്ടെത്തിയ ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും തീ കെടുത്താന്‍ ശ്രമിക്കുകയും ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വെകിട്ടോടെ കൃഷ്ണപ്രിയ മരിച്ചു. ഡിസംബര്‍ 9നാണ് യുവതി ജോലിയില്‍ പ്രവേശിച്ചത്.