കോഴിക്കോട് കോണ്‍ഗ്രസ്-എ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

 | 
Media Attacked

കോഴിക്കോട് കോണ്‍ഗ്രസ്-എ ഗ്രൂപ്പ് യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാര്‍, കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ മേഘ, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി.ആര്‍.രാജേഷ് എന്നിവരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ സാജന്‍ നമ്പ്യാരെ കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാജനെ ഹോട്ടല്‍ മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ടി.സിദ്ദിഖ് എംഎല്‍എ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷമാണ് സംഭവമുണ്ടായത്. പെണ്ണാണെന്ന് നോക്കില്ല, കായികമായി നേരിടും എന്നായിരുന്നു കൈരളി റിപ്പോര്‍ട്ടര്‍ മേഘയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയത്.

രാവിലെ സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പ് യോഗം നടക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മുന്‍ ഡിസിസി പ്രസിഡന്റ് യു.രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ടി.സിദ്ദിഖ് അനുകൂലികളുടെ യോഗത്തില്‍ നിന്ന് മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബുവിനെ ഒഴിവാക്കിയിരുന്നു.