ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി കെപിസിസി നേതൃത്വം

 | 
KPCC

പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി കെപിസിസി

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങി കെപിസിസി നേതൃത്വം. ഇവര്‍ ഉള്‍പ്പടുന്ന ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ പരാതി. ഇവര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതായും കെപിസിസി വിലയിരുത്തുന്നു.

ഇതു നേതാക്കളും കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചിരുന്നു. ഇതിന് കാരണമൊന്നും ഇല്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിട്ടും യുഡിഎഫ് യോഗത്തില്‍ എത്താതിരുന്നത് മനഃപൂര്‍വമാണെന്ന് കെപിസിസി നേതൃത്വം പറയുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുന്നണിയിലേക്ക് ഒരുകാലത്തും വലിച്ചിഴച്ചിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

നിയമസഭയില്‍ പ്രതിപക്ഷം നടത്തുന്ന മികച്ച പ്രവര്‍ത്തനത്തിന്റെ യശസ്സില്ലാതാക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നതെന്നും ഇത് പാര്‍ട്ടി അണികളിലും ഘടക കക്ഷികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി പുനഃസംഘടനയിലാണ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും പരാതിയുള്ളത്. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവരെന്നും കെപിസിസി പറയുന്നു.