കോണ്‍ഗ്രസില്‍ വന് അഴിച്ചുപണി വരുന്നു; മുഴുവന്‍ ഡിസിസികളും പുനഃസംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന കോണ്ഗ്രസില് വന് അഴിച്ചുപണി വരുന്നു. എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കാനാണ് നീക്കം. കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ പൂര്‍ത്തിയാക്കും. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുന:സംഘടനയുമാകും പ്രധാന അജണ്ട. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായിട്ടാണ് അധ്യക്ഷന്‍ ചര്‍ച്ച നടത്തിയത്. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാദ്ധ്യതാ പട്ടിക തയ്യാറാക്കി നിയമസഭാ സമ്മേളനത്തിന് ശേഷം നേതാക്കള്‍ ഡല്‍ഹിക്ക് പോകും. ഡല്‍ഹി ചര്‍ച്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ പ്രാഥമിക ധാരണയിലെത്താനാണ് തീരുമാനം. ഡിസിസി അദ്ധ്യക്ഷന്‍മാരെ ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പിന്നാലെ കെപിസിസി ഭാരവാഹി പ്രഖ്യാപനവും ഉണ്ടാകും.
പുന:സംഘടനയുമായി ബന്ധപ്പെട്ട് എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കെ സുധാകരന്‍ ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കരട് സാദ്ധ്യതാ പട്ടികയ്ക്കും ഡിസിസി അദ്ധ്യക്ഷന്മാരുടെ സമിതിക്കും ഏകദേശരൂപവും നല്‍കിയിട്ടുണ്ട്. പുനസംഘടനാ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പതിവുള്ള ആള്‍ക്കൂട്ടവും ബഹളവുമൊന്നുമില്ല. പ്രധാന നേതാക്കള്‍ മാത്രമാണ് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതെന്ന പ്രത്യേകതയുണ്ട്.
ഇത്തവണ പുനസംഘടനാ ചര്‍ച്ചകള്‍ക്ക് എത്തിയത് കെപിസിസി അധ്യക്ഷന്‍ മാത്രമാണ്. നേരത്തെ പ്രതിപക്ഷ നേതാവിനെയും ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കായി വിളിച്ചു വരുത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളെയും വിളിപ്പിച്ചത് ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു. അതിനു മുമ്പ് പാര്‍ട്ടി പുനസംഘടനയിലെ അതൃപ്തിയുമായി നിന്ന രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തിയിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ രാഹുല്‍ ഇരു നേതാക്കള്‍ക്കും പ്രത്യേക ഉറപ്പൊന്നും നല്‍കാതെയാണ് മടക്കിയത്. അതിനാല്‍ത്തന്നെ പുനസംഘടനയില്‍ ഇരുവരും കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വയ്ക്കാനൊരുങ്ങില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് യുവ നേതൃനിരയെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രായമല്ല കര്‍മ്മശേഷിയാണ് പ്രധാനം എന്ന നിലപാടിലാണ് കെ.സുധാകരന്‍. എങ്കിലും യുവനേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ.എസ്.ശബരീനാഥന്‍ തിരുവനന്തപുരത്തും പി.എം.നിയാസ് കോഴിക്കോടും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.