കെഎസ്ആര്‍ടിസി സമരം പൂര്‍ണ്ണം; നാളെയും തുടരും

 | 
KSRTC

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരം പൂര്‍ണ്ണം. സംസ്ഥാനമൊട്ടാകെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണ്ണമായും മുടങ്ങി. സമരത്തിന് ഡയസ്‌നോണ്‍ ബാധകമാക്കിയിരുന്നെങ്കിലും ഇത് തള്ളിക്കൊണ്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇടത് തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎയും ബിഎംഎസിന്റെ എംപ്ലോയീസ് സംഘും ഇന്ന് മാത്രമാണ് പണിമുടക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് 48 മണിക്കൂര്‍ സമരമാണ് നടത്തുന്നത്.

അതേസമയം തൊഴിലാളികളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയും സമരം തുടരാന്‍ എഐടിയുസി തീരുമാനിച്ചു. ഇന്നും നാളെയും ഹാജരാകാത്ത തൊഴിലാളികളുടെ ശമ്പളം പിടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യത വരുത്തുമെന്നും അത് ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ പോലും സര്‍ക്കാരിന് യൂണിയനുകള്‍ നല്‍കിയില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

അതിനാല്‍ സമരം നടത്തുന്നതില്‍ ന്യായീകരണമില്ല. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോയെന്ന് യൂണിയനുകള്‍ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.