‘കെ.എസ്.യു നടത്തുന്നത് ഏറ്റവും മോശമായ സമരാഭാസം’; ആർ ബിന്ദു

 | 
ghyt

ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണെന്നും അവർ പറഞ്ഞു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. 

നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്. സർവ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളജ് കവാടത്തിനു മുന്നിൽ കെ എസ് യു സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്നും പറയണമെന്നും മന്ത്രി ബിന്ദു ആവശ്യപ്പെട്ടു.