കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ യുഫാംസ്.ഐഒയ്ക്ക് യുകെ സ്റ്റാര്‍ട്ടപ്പ് വിസ ലഭിച്ചു

 | 
ufarms

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത കാര്‍ഷിക സാങ്കേതിക സ്റ്റാര്‍ട്ടപ്പായ യുഫാംസ്. ഐ ഒയ്ക്ക് ബ്രിട്ടനിലെ സ്റ്റാര്‍ട്ടപ്പ് വിസ ലഭിച്ചു. ഇതു വഴി ബ്രിട്ടനിലെ കമ്പനി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും വിപുലീകരിക്കാനുമുള്ള അവസരം ലഭിക്കും.

ആഗോളതലത്തില്‍ കാര്‍ഷിക സാങ്കേതികവിദ്യാ രംഗത്ത് വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള യുഫാംസിന്റെ ശ്രമങ്ങളുടെ അംഗീകാരമായാണ് ഇതിനെ കാണുന്നത്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങള്‍ക്ക് ഏറെ സഹായകരമാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനമെന്ന് യുഫാംസിന്റെ സഹസ്ഥാപകന്‍ എബിന്‍ ഏലിയാസ് പറഞ്ഞു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലും സാങ്കേതിക അന്തരീക്ഷത്തിലും മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതിലൂടെ യുഫാംസിന് സാധിക്കും.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ഡാറ്റ് അനലിറ്റിക്സ്, നിര്‍മ്മിത ബുദ്ധി എന്നിവ ഉപയോഗിച്ച് കൃഷിയെ മെച്ചപ്പെടുത്തുകയാണ് യുഫാംസ് ചെയ്യുന്നത്. യുഫാംസ് വികസിപ്പിച്ചെടുത്ത സുസ്ഥിരവും കൃത്യവുമായ കൃഷിരീതികള്‍ക്ക് ഈ വിപണിയില്‍ സുപ്രധാന സ്ഥാനമുണ്ടെന്നും എബിന്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഹൈഡ്രോപോണിക്സ് ഫാമായ അപ് ടൗണ്‍ അര്‍ബന്‍ ഫാംസ് യുഫാംസിന്റെ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. 16,000 ചതുരശ്രയടി സ്ഥലത്താണ് ഈ ഫാം. ഇതു കൂടാതെ നിധി പ്രയാസ് ധനസഹായം, നിധി ഇഐആര്‍ ഫെലോഷിപ്പ്, ഇവൈ ക്ലൈമാത്തോണ്‍ രണ്ടാം സ്ഥാനം എന്നിവയും യുഫാംസിന് ലഭിച്ചിട്ടുണ്ട്.