കുംഭമേള: പ്രയാഗ്‌രാജില്‍ 300 കി.മീ നീളത്തിൽ ഗതാഗതക്കുരുക്ക്; യുപി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്

മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുരുക്ക്. പ്രയാഗ്‌രാജിലേക്ക് ഒരടി മുന്നോട്ട് വെക്കാന്‍ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് മധ്യപ്രദേശിലെ മൈഹാര്‍ പോലീസ് അറിയിക്കുന്നത്. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും പോലീസ് അറിയിച്ചു. തിരക്ക് കാരണം പ്രയാഗ്‌രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ ഫെബ്രുവരി 14 വരെ അടച്ചിട്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് വിശപ്പും ദാഹവും ക്ഷീണവുമുള്ള തീര്‍ഥാടകരെ മാനുഷികതയോടെ കാണണം. സാധാരണ തീര്‍ഥാടകര്‍ മനുഷ്യരല്ലേ? അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.
ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ 43 കോടിയിലധികം ഭക്തരാണ് ത്രിവേണീ സംഗമത്തിലെത്തി പുണ്യസ്‌നാനം നടത്തിയത്. ഗതാഗതം തടസ്സപ്പെട്ടതു കാരണം നിരവധിപേർക്ക് ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിയാത്തതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ സംഘാടനത്തില്‍ തീര്‍ഥാടകരും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.
ഞായറാഴ്ച പ്രയാഗ്‌രാജില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റോഡില്‍ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതിന്റേയും വളരെ പതുക്കെ മാത്രം മുന്നോട്ട് നീങ്ങുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രയാഗ്രാജിലെ ഗതാഗത സ്ഥിതി ഉയര്‍ത്തിക്കാട്ടി, കുടുങ്ങിക്കിടക്കുന്ന തീര്‍ഥാടകര്‍ക്ക് അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു അവ. ഇത് ചൂണ്ടിക്കാണിച്ച് നിരവധി ട്വീറ്റുകളാണ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ചത്.