ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ കാറിടിച്ചു കയറ്റിയ സംഭവം; കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കേസ്

 | 
Lakhimpur
യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ കാറിടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു

ലഖ്‌നൗ: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ കാറിടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് എതിരെയാണ് കേസെടുത്തത്. മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്.

സമരത്തിന് എതിരെ അജയ് കുമാര്‍ മിശ്ര നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് മിശ്രയുടെ സന്ദര്‍ശനം തടയാനാണ് കര്‍ഷകര്‍ സംഘടിച്ചത്. ഇവര്‍ക്കിടയിലേക്ക് മന്ത്രിയുടെ മകന്‍ കാറിടിച്ചു കയറ്റുകയായിരുന്നു. 15 പേരോളം മാത്രമായിരുന്നു ഹെലിപാഡില്‍ മന്ത്രിയെ ഘെരാവോ ചെയ്യാന്‍ എത്തിയതെന്നും ഇവരുടെ മേല്‍ മന്ത്രിയുടെ മകന്‍ കാര്‍ ഇരച്ചു കയറ്റുകയായിരുന്നുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ഇതിനിടെ ആശിഷ് മിശ്രയ്ക്ക് അക്രമവുമായി ബന്ധമുണ്ടെന്ന കര്‍ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്ത് വന്നിരുന്നു. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. 11 മണിക്ക് ഡല്‍ഹിയിലുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും സംഘടനകള്‍ അറിയിച്ചു.