ലഖിംപൂര്‍ ഖേരി; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് എത്തിയില്ല; നാളെ ഹാജരാകുമെന്ന് സുപ്രീം കോടതിയില്‍ യുപി സര്‍ക്കാര്‍

 | 
Lakhimpur
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ പ്രതിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് യുപി പോലീസ് നിര്‍ദേശിച്ചിരുന്നു. രാവിലെ 10 മണിക്ക് എത്തണമെന്നായിരുന്നു നോട്ടീസ്. എന്നാല്‍ അജയ് മിശ്ര ചോദ്യം ചെയ്യലിന് എത്തിയില്ല. പോലീസ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.

അതേസമയം ആശിഷ് മിശ്ര ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. രാവിലെ 11 മണിക്ക് ഹാജരാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പ്രതി നേപ്പാളിലേക്ക് കടന്നതായി സംശയമുണ്ട്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ലഖിംപൂര്‍ ഖേരി. ആശിഷ് മിശ്രയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഏറ്റവും ഒടുവില്‍ നേപ്പാള്‍ അതിര്‍ത്തിയിലെ ഗൗരിഫന്ത എന്ന സ്ഥലത്തുനിന്നാണ് ലഭിച്ചത്.

കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് നേപ്പാള്‍ ബന്ധങ്ങള്‍ ഉണ്ടെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി വേണമെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.