ലഖിംപൂര്‍ ഖേരി; യുപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് സുപ്രീം കോടതി

 | 
supreme court of india
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് കോടതി പറഞ്ഞു. മരിച്ചവരുടെ ശരീരത്ത് വെടിയേറ്റിരുന്നുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. ഒരു ഉത്തരവാദപ്പെട്ട സര്‍ക്കാരിനെയും പോലീസിനെയുമാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.

വിഷയത്തില്‍ എന്തു സന്ദേശമാണ് നിങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. സാധാരണ സാഹചര്യങ്ങളില്‍ പോലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യില്ലേ. ചെയ്യേണ്ട കാര്യങ്ങളൊന്നും വേണ്ട വിധത്തില്‍ നടപ്പാക്കിയിട്ടില്ല. വാചകങ്ങള്‍ മാത്രമേയുള്ളു പ്രവൃത്തിയില്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി.

ആശിഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു പോലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഹാജരായിരുന്നില്ല. ആശിഷ് മിശ്ര ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ടെന്നും ശനിയാഴ്ച ഹാജരാകുമെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു. മറ്റുകേസുകളില്‍ ഇതേ കുറ്റം ചെയ്തവരോടും ഇതേ സമീപനമായിരിക്കുമോ പുലര്‍ത്തുകയെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.