ലഖിംപൂര്‍ ഖേരി; യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അതൃപ്തി; റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

 | 
Lakhimpur

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി അറിയിച്ച് സുപീം കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്നും അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വിരമിച്ച ജഡ്ജി ആരാണെന്ന് കോടതി തീരുമാനിക്കും. ഉത്തര്‍പ്രദേശിന് പുറത്തുനിന്നുള്ള വ്യക്തിക്കായിരിക്കും അന്വേഷണ മേല്‍നോട്ടമെന്നും കോടതി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

പത്തു ദിവസം നല്‍കിയിട്ടും അന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്നാണ് കോടതി വിമര്‍ശിച്ചത്. കേസില്‍ ആകെ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസിലെ ഒരു പ്രതിയുടെ ഫോണ്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവരുടേത് ഇതുവരെ കണ്ടെത്താത്തത് എന്താണെന്നും കോടതി ചോദിച്ചു.

പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് അറിയിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസയോഗ്യവും നിഷ്പക്ഷവുമായി അന്വേഷണത്തിന് ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.