എല്‍ഡിഎഫ് അംഗം ആശുപത്രിയില്‍; കോട്ടയം മുനിസിപ്പാലിറ്റി തിരിച്ചു പിടിച്ച് യുഡിഎഫ്

 | 
Kottayam

കോട്ടയം മുനിസിപ്പാലിറ്റി ഭരണം തിരിച്ചു പിടിച്ച് യുഡിഎഫ്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ബിന്‍സി സെബാസ്റ്റ്യന്‍ തന്നെയാണ് വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ ഒരംഗം ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ടെടുപ്പിന് എത്താതിരുന്നതിനെ തുടര്‍ന്ന് ഒരു വോട്ടിന് ബിന്‍സി വിജയിക്കുകയായിരുന്നു. എല്‍ഡിഎഫ് അംഗം ആശുപത്രിയിലാണെന്നാണ് വിവരം.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എല്‍ഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ടോസിലൂടെ ചെയര്‍മാനെ തെരഞ്ഞെടുത്തപ്പോള്‍ ബിന്‍സി വിജയിക്കുകയും യുഡിഎഫ് അധികാരത്തില്‍ എത്തുകയുമായിരുന്നു.

പിന്നീട് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ ബിന്‍സി പുറത്താവുകയും യുഡിഎഫിന് അധികാരം നഷ്ടമാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇന്ന് നടത്തിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലാണ് ഭാഗ്യം ബിന്‍സിയെയും യുഡിഎഫിനെയും തേടിയെത്തിയത്.