വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ല; വനിതാ സംഘടനയെ പിരിച്ചുവിടാനൊരുങ്ങി ലീഗ്

 | 
msf
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാസംഘടനയായ ഹരിതയിലെ നേതാക്കള്‍ നല്‍കിയ പരാതിയില്‍ നിലപാട് കടുപ്പിച്ച് ലീഗ്.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാസംഘടനയായ ഹരിതയിലെ നേതാക്കള്‍ നല്‍കിയ പരാതിയില്‍ നിലപാട് കടുപ്പിച്ച് ലീഗ്. സംഘടനയെ പിരിച്ചുവിടാന്‍ ലീഗ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തീരുമാനം. എംഎസ്എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തിലാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചയത്. 

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗ് വനിതാ നേതാക്കളെ അറിയിച്ച്. എന്നാല്‍ നടപടിയെടുത്താല്‍ മാത്രം പരാതി പിന്‍വലിക്കാമെന്ന നിലപാടിലാണ് ഹരിത. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. 

അച്ചടക്കം ലംഘിച്ച ഹരിതയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. അതിനിടെ, പരാതി നല്‍കിയ ഹരിത പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കുന്ന നടപടികള്‍ കോഴിക്കോട് സിറ്റി പൊലീസ് തുടരുകയാണ്. 

ഇതുവരെ നാലു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 22ന് കോഴിക്കോട് എംഎസ്എഫിന്റെ സംസ്ഥാന സമിതി യോഗത്തിനിടെ പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി.