കോവിഡ് പ്രതിസന്ധിയില്‍ വീണ്ടും ആത്മഹത്യ; കൊല്ലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കൊല്ലം, കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആദ്യ ലോക്ക് ഡൗണിന് മുന്‍പ് തന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു പണയപ്പെടുത്തിയാണ് സുമേഷ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം തുടങ്ങിയത്. രണ്ട് ബാങ്കുകളില്‍ നിന്നായിരുന്നു വായ്പ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതു പരിപാടികള്‍ ഇല്ലാതാവുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സ്ഥാപനം അടച്ചു പൂട്ടേണ്ടി വരികയും ചെയ്തു.
ഇതോടെ സുമേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അയല്‍ക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ പണവും തിരികെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ നിന്ന് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഏഴായി.