പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
കോട്ടയം: ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയാണ് ലിജിൻ ലാൽ. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ലിജിൻ ലാൽ. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.
യുവമോർച്ചയുടെ മണ്ഡലം പ്രസിഡന്റ്, യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ ചുമതതലകൾ വഹിച്ച ലിജിൻ ലാൽ യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
നേരത്തെ മുതിർന്ന നേതാവ് ജോർജ്ജ് കുര്യൻ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായത്. 2016ലെ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ച ജോർജ്ജ് കുര്യൻ 15,993 വോട്ട് നേടിയിരുന്നു. എന്നാൽ 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച് എൻ ഹരിക്ക് 11,694 വോട്ട് നേടാനെ കഴിഞ്ഞിരുന്നുള്ളു.
യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മണ്ഡലത്തിൽ മന്ദഗതിയിലായിരുന്നു.