കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ഇനി മദ്യവില്‍പനയും; ഔട്ട്‌ലെറ്റുകള്‍ക്ക് അനുമതി നല്‍കുമെന്ന് മന്ത്രി

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ മദ്യവില്‍പനയ്ക്ക് പദ്ധതി. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന് അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെട്ടിടങ്ങള്‍ ലേലത്തിന് എടുത്ത് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന് മന്ത്രി പറഞ്ഞു.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലായിരിക്കും ഔട്ട്‌ലെറ്റുകള്‍ ക്രമീകരിക്കുക. സ്ത്രീകള്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമവിധേയമായുള്ള പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളിലും അനുവദിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാകില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് ഇതിലൂടെ വാടക വരുമാനം ലഭിക്കും. ബസ് യാത്രക്കാരുടെ എണ്ണം ഇതിലൂടെ വര്‍ദ്ധിക്കുമെന്നും സ്റ്റാന്‍ഡില്‍ മദ്യക്കടയുള്ളതു കൊണ്ട് ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.