25 മത്സരങ്ങൾക്കൊടുക്കം ലിവർപൂളിന് തോൽവി; വെസ്റ്റ്ഹാമിനോട് തോറ്റത് 2നെതിരേ 3 ഗോളുകൾക്ക്

 | 
West ham

 തോൽവിയറിയാത്ത 25 മത്സരങ്ങൾക്ക് ശേഷം ക്ളോപ്പിന്റെ ശിഷ്യന്മാർക്ക് ലണ്ടൻ സ്റ്റേഡിയത്തിൽ കാലിടറി. പൊരുതികളിച്ച ഡേവിഡ് മോയെസിന്റെ കുട്ടികൾ ലിവർപൂളിനെ 2നെതിരേ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ വെസ്റ്റ്ഹാം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. 

നാലാം മിനിറ്റിൽ തന്നെ ഗോൾകീപ്പർ അലിസൺ വഴങ്ങിയ ഓൺ ഗോളോടെ വെസ്റ്റ്ഹാം ലീഡ് നേടി. പാബ്ലോ ഫോർണൽസിന്റെ കോർണർ കിക്ക് അലിസൺ സ്വന്തം പോസ്റ്റിൽ തട്ടിയിട്ടു. എന്നാൽ 41ആം മിനിറ്റിൽ കിട്ടിയ ഫ്രീകിക്ക് മനോഹരമായ ഗോളാക്കി മാറ്റി അലക്സാണ്ടർ അർണോൾഡ് ലിവർപൂളിനെ ഒപ്പമെത്തിച്ചു. 

രണ്ടാം പകുതിയിൽ വെസ്റ്റ്ഹാം കൂടുതൽ ആവേശത്തോടെ കളിച്ചു. 67ആം മിനിറ്റിൽ നടത്തിയ കൗണ്ടർ അറ്റാക്കിൽ പാബ്ലോ ഫോർണൽസ് ഗോൾ നേടി. 74ആം മിനിറ്റിൽ കിട്ടിയ കോർണർ ഗോളാക്കി മാറ്റി കർട്ട് സുമ ലീഡ് ഉയർത്തി. പിന്നീട് സമനിലക്ക് വേണ്ടി പൊരുതിയ റെഡ്‌സിന് വേണ്ടി പകരക്കാരനായി വന്ന ഒറിഗി 83ആം മിനിറ്റിൽ ഗോൾ നേടി. മൂന്നാം ഗോളിനായി ലിവർപൂൾ ഏറെ പൊരുതി എങ്കിലും ഗോൾ നേടാൻ ആയില്ല. അവസാന നിമിഷം കിട്ടിയ ഫ്രീകിക്കിന് സാദിയോ മാനെ തലവെച്ചെങ്കിലും പന്ത് വലക്കുള്ളിൽ കയറിയില്ല. 

11 കളികൾ കഴിഞ്ഞപ്പോൾ 26 പോയിന്റ് നേടി  ചെൽസി ഒന്നാം സ്ഥാനത്തും  23 പോയിന്റ് നേടിയ സിറ്റി രണ്ടാം സ്ഥാനത്തും ആണ് ഉള്ളത്. അത്ര തന്നെ പോയിന്റ് നേടിയ വെസ്റ്റ്ഹാം മൂന്നാം സ്ഥാനത്തും 22 പോയിന്റോടെ ലിവർപൂൾ നാലാം സ്ഥാനത്തും ഉണ്ട്. 

വാറ്റ്ഫോഡിനെ എതിരല്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആഴ്സണൽ 20 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ഉണ്ട്. ലീഗിലെ ആദ്യ  മൂന്ന് കളിയിലെ തോൽവിക്ക് ശേഷം ആഴ്‌സണൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. എമിൽ സ്മിത്ത് റോവ് ആണ് ഗണ്ണേഴ്സിന്റെ ഗോൾ നേടിയത്. 

എവർട്ടൺ- ടോട്ടനം മത്സരം ഗോൾരഹിത സമനിലയിലും ലീഡ്സ്- ലെസ്റ്റർ മത്സരം ഒരു ഗോൾ സമനിലയിലും പിരിഞ്ഞു.