പ്രണയത്തിനും മയക്കുമരുന്നിനും മതമില്ല; പാല ബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിർഭാ​ഗ്യകരവും: മുഖ്യമന്ത്രി

പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് ബിഷപ്പിന് പിന്തുണ നല്‍കാനല്ല. ആ അഭിപ്രായത്തെ പിന്തുണക്കുന്ന നിലപാടല്ല സര്‍ക്കാരിന്റെത്
 | 
pinarai vijayan

പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ തള്ളേണ്ടതല്ല.പാലാ ബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്.  ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കി നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമം വ്യാമോഹമായി തന്നെ അവസാനിക്കും. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിര്‍ഭാഗ്യകരമായ പരമാര്‍ശമായിരുന്നു പാലാ ബിഷപ്പിന്റേത്. അതിനെ തുടര്‍ന്ന് നിര്‍ഭാഗ്യകരമായ വിവാദവും ഉണ്ടായി. ചിലര്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചു. ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനൊന്നും ഏതെങ്കിലും മതമില്ല. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്കയും അടിസ്ഥാന രഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന ആരോപണമുണ്ടായി. എന്നാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള മതസ്ഥരെ മതപരിവര്‍ത്തനം നടത്തി ഐ.എസിലും മറ്റും എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. അപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്.

2019 വരെ ഐ.എസില്‍ ചേര്‍ന്നവരില്‍ മലയാളികളായ നൂറ് പേരില്‍ തൊഴില്‍ പരമായി വിദേശത്ത് പോയി ഐ.എസ് ആശയത്തില്‍ ആകൃഷ്ടവരായി ഐ.എസില്‍ ചേര്‍ന്നവരാണ്. ഇതില്‍ ഒരാളൊഴികെ മറ്റെല്ലാവരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയത്തില്‍ ആകൃഷ്ടവരായി കേരളത്തില്‍ നിന്ന് പേയവരാണ്. അതില്‍ അഞ്ച് പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് ഐ.എസില്‍ ചേര്‍ന്നത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദി സംഘടനകളില്‍ എത്തിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. യുവാക്കളില്‍ തീവ്രവാദ ആശയങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമായി നടത്തുന്നുണ്ട്.


നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശവും അടിസ്ഥാനമില്ലാത്തതാണ്. സംസ്ഥാനത്തെ നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയായവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. 2020-ല്‍ രജിസ്റ്റർ ചെയ്ത നാർക്കോട്ടിക് കേസുകളില്‍ 49.8 ശതമാനം പ്രതികളും ഹിന്ദു മതത്തില്‍ പെട്ടവരും 34.47 ശതമാനം ഇസ്ലാം മതത്തില്‍ പെട്ടവരും 15.77 ശതമാനം ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. മറിച്ചുള്ള പ്രചാരണങ്ങള്‍ വിദ്വേഷത്തിന് വിത്തിടും.

വെള്ളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തും. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യം ഈ ഘട്ടത്തിലില്ല. പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് ബിഷപ്പിന് പിന്തുണ നല്‍കാനല്ല. ആ അഭിപ്രായത്തെ പിന്തുണക്കുന്ന നിലപാടല്ല സര്‍ക്കാരിന്റെത്. പ്രസ്താവന തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതുന്നയിച്ച വ്യക്തി തിരുത്തുകയാണ് വേണ്ടത്. അതിന് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടതില്ല.