ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ഒക്കെ ഇനി നമ്മുടെ കാലാവസ്ഥയുടെ ഭാഗമാവുകയാണ്; മുരളി തുമ്മാരുകുടി
ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ഒക്കെ ഇനി നമ്മുടെ കാലാവസ്ഥയുടെ ഭാഗമാവുകയാണെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമര്‍ദ്ദം നമ്മളെ ബാധിക്കുന്നത് എന്ന് ശ്രദ്ധിക്കുക. വന്‍ പ്രളയങ്ങള്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ എന്നുള്ളത് നാല്പതോ അമ്പതോ കൊല്ലത്തില്‍ ഒരിക്കലാകും. പ്രാദേശികമായ പ്രളയങ്ങളും വെള്ളക്കെട്ടുകളും എല്ലാ വര്‍ഷവും തന്നെ ഉണ്ടാകും. കടലാക്രമണവും മണ്ണിടിച്ചിലും കൂടി വരും.
സുസ്ഥിരമായ സ്ഥല വിനിയോഗ രീതികളിലൂടെ ഇതോടൊത്ത് ജീവിക്കാന്‍ പ്ലാന്‍ ചെയ്യുക എന്നതാണ് സമൂഹം എന്നുള്ള നിലക്ക് നമുക്ക് ചെയ്യാനുള്ളത്. സുരക്ഷയുടെ പാഠങ്ങള്‍ നമ്മള്‍ പഠിച്ചേ തീരൂവെന്ന് തുമ്മാരുകുടി ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുന്‍പ് പറഞ്ഞത് പോലെ നമ്മുടെ വീടിന് ചുറ്റും വെള്ളമെത്തിയാല്‍ അത് വന്‍ പ്രളയമാണോ ചെറു പ്രളയമാണോ എന്നൊന്നും നോക്കരുത്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കുക.
റോഡില്‍ ഒരടി വെള്ളമേ ഉള്ളൂ എന്നുള്ളതിനാല്‍ അതിലൂടെ വാഹനങ്ങള്‍ ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതൊക്കെ കാണുന്നു. പ്രളയകാലത്ത് ഒരടി വെള്ളത്തിന്റെ ഒഴുക്കുപോലും വാഹനങ്ങളെ ഒഴുക്കി കൊണ്ടുപോകാം, ആളുകളുടെ അടി തെറ്റിക്കാം. മണ്ണിടിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കാനോ മലകളിലേക്ക് പോകാതിരിക്കാനോ ഒക്കെയുള്ള അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയെന്നും തുമ്മാരുകുടി പറയുന്നു.
പോസ്റ്റ് വായിക്കാം
വീണ്ടും ഒരു പ്രളയം?
കേരളത്തില്‍ കനത്ത മഴയാണ്. മണ്ണിടിച്ചിലും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ആദ്യമായിട്ടല്ല കേരളത്തില്‍ മഴയും മണ്ണിടിച്ചിലും ഒക്കെ ഉണ്ടാകുന്നത്, പക്ഷെ രണ്ടായിരത്തി പതിനെട്ടിലെ മഹാ പ്രളയം കണ്ടതിന് ശേഷം നമുക്ക് മഴയെ പേടിയാണ്. ഏതൊരു വെള്ളപ്പൊക്കവും രണ്ടായിരത്തി പതിനെട്ടിലെ പോലെ ആകുമെന്നാണ് നാം പേടിക്കുന്നത്. അതുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.
ഈ വര്‍ഷത്തെ മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ 'ഈ വര്‍ഷം കേരളത്തില്‍ പ്രളയം ഉണ്ടാകുമോ' എന്നൊരു ക്ലബ്ബ് ഹൌസ് ചര്‍ച്ച നടത്തിയിരുന്നു. പ്രളയം ഉണ്ടാകുമോ എന്നത് മാസങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റുന്ന ഒന്നല്ല എന്നും കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും മഴയെ കൂടുതല്‍ തീവ്രതയോടെ പെയ്യിക്കുന്നു, വര്‍ഷത്തിലെ മൊത്തം മഴക്ക് മാറ്റം ഇല്ലെങ്കിലും മഴ കുറച്ചു സമയം കൊണ്ട് പെയ്യുമ്പോള്‍ പ്രാദേശികമായി ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഒക്കെ ഇനി എല്ലാ വര്‍ഷവും ഉണ്ടാകും എന്നുമാണ് അന്ന് പറഞ്ഞു നിര്‍ത്തിയത്. ഭാഗ്യത്തിന് നമ്മുടെ പ്രധാന മഴക്കാലത്ത് അതുണ്ടായില്ല. പക്ഷെ ഇപ്പോള്‍ രണ്ടു മണ്‍സൂണ്‍ കാലത്തിന്റെയും ഇടക്ക് ഒരു ന്യൂനമര്‍ദ്ദം ആണ് പ്രളയന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നത്.
നമ്മുടെ വീട്ടിനുള്ളില്‍ വെള്ളം കയറിയാല്‍ അല്ലെങ്കില്‍ നമ്മുടെ വീടിരിക്കുന്ന സ്ഥലം ഉരുള്‍ പൊട്ടലിന്റെ പാതയില്‍ വന്നാല്‍ നമ്മുടെ ചുറ്റുമുള്ള മരങ്ങള്‍ കടപുഴകി വീണാല്‍ നമ്മുടെ ലോക്കല്‍ റോഡുകള്‍ വെള്ളത്തിനടിയിലായാല്‍ പിന്നെ ഇത് 'മഹാ പ്രളയം' ആണോ 'പ്രാദേശിക പ്രതിഭാസമാണോ' എന്നതിന് നമുക്ക് വലിയ പ്രസക്തിയില്ല. ദുരിതവും നഷ്ടവും ഒക്കെ ഒരുപോലെയാണ്. അതുകൊണ്ട് തന്നെ പ്രാദേശികമായി രക്ഷ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും ഏറ്റവും നല്ല നിലയില്‍ തന്നെ തുടങ്ങണം. കൊറോണക്കാലം ഏതാണ്ട് അവസാനിച്ചത് നന്നായി. രക്ഷാ പ്രവര്‍ത്തനത്തിനും ക്യാമ്പുകള്‍ ഉണ്ടാക്കാനും ഒക്കെ അധികം പേടിക്കാതെ ചെയ്യാം. കഴിഞ്ഞ വര്‍ഷം ഈ സമയത്തായിരുന്നുവെങ്കില്‍ സമൂഹം ഏറെ പണിപ്പെട്ടേനേ!.
നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ നിന്നും ഏറെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ അറിവും അധികാരവും ഉണ്ട്. റെവന്യൂ തലത്തില്‍ പരിചയമുള്ള ഉദ്യോഗസ്ഥനിര തന്നെയുണ്ട്. പോലീസ് മുതല്‍ സന്നദ്ധ സേവനത്തിനിറങ്ങുന്ന വിദ്യാര്‍ഥികള്‍ വരെ ഏവര്‍ക്കും അനുഭവ പാഠങ്ങള്‍ ഉണ്ട്. അവരൊക്കെ നന്നായി പ്രവര്‍ത്തിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
സംസ്ഥാന തലത്തിലും കാര്യങ്ങള്‍ വേഗത്തില്‍ നീക്കാനുള്ള പരിചയമുണ്ട്. ഇപ്പോള്‍ തന്നെ വ്യോമസേനയുടെ സഹായം ഒക്കെ തേടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതാണ് ശരിയായ രീതി. സഹായം തേടുന്നത് നമ്മുടെ സംവിധാനങ്ങളുടെ ദൗര്‍ബല്യമല്ല, പരസ്പര പൂരകങ്ങള്‍ ആയി നമ്മുടെ ദുരിതാശ്വാസ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.
മുന്‍പ് പറഞ്ഞത് പോലെ നമ്മുടെ വീടിന് ചുറ്റും വെള്ളമെത്തിയാല്‍ അത് വന്‍ പ്രളയമാണോ ചെറു പ്രളയമാണോ എന്നൊന്നും നോക്കരുത്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കുക. റോഡില്‍ ഒരടി വെള്ളമേ ഉള്ളൂ എന്നുള്ളതിനാല്‍ അതിലൂടെ വാഹനങ്ങള്‍ ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതൊക്കെ കാണുന്നു. പ്രളയകാലത്ത് ഒരടി വെള്ളത്തിന്റെ ഒഴുക്കുപോലും വാഹനങ്ങളെ ഒഴുക്കി കൊണ്ടുപോകാം, ആളുകളുടെ അടി തെറ്റിക്കാം. മണ്ണിടിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കാനോ മലകളിലേക്ക് പോകാതിരിക്കാനോ ഒക്കെയുള്ള അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. സംസ്ഥാനമൊട്ടാകെ മുങ്ങുന്ന ഒരു രീതിയില്‍ ഉള്ള ദുരന്തം അല്ലാത്തതിനാല്‍ അല്ലാത്തതിനാല്‍ വേഗത്തിലും കാര്യക്ഷമമായും സഹായങ്ങള്‍ എത്തും. അതുവരെ സുരക്ഷിതരായിരിക്കുക. ഒട്ടും റിസ്‌ക് എടുക്കരുത്.
ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ഒക്കെ ഇനി നമ്മുടെ കാലാവസ്ഥയുടെ ഭാഗമാവുകയാണ്. മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമര്‍ദ്ദം നമ്മളെ ബാധിക്കുന്നത് എന്ന് ശ്രദ്ധിക്കുക. വന്‍ പ്രളയങ്ങള്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ എന്നുള്ളത് നാല്പതോ അമ്പതോ കൊല്ലത്തില്‍ ഒരിക്കലാകും. പ്രാദേശികമായ പ്രളയങ്ങളും വെള്ളക്കെട്ടുകളും എല്ലാ വര്‍ഷവും തന്നെ ഉണ്ടാകും. കടലാക്രമണവും മണ്ണിടിച്ചിലും കൂടി വരും. സുസ്ഥിരമായ സ്ഥല വിനിയോഗ രീതികളിലൂടെ ഇതോടൊത്ത് ജീവിക്കാന്‍ പ്ലാന്‍ ചെയ്യുക എന്നതാണ് സമൂഹം എന്നുള്ള നിലക്ക് നമുക്ക് ചെയ്യാനുള്ളത്. സുരക്ഷയുടെ പാഠങ്ങള്‍ നമ്മള്‍ പഠിച്ചേ തീരൂ.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി