കുറഞ്ഞ ചിലവിൽ ബസ് യാത്ര; കെഎസ്ആർടിസിയുടെ ജനത സർവീസ് ഇന്ന് മുതൽ
കുറഞ്ഞ ചെലവിൽ എസി ബസ് യാത്ര ഒരുക്കാൻ കെഎസ്ആർടിസിയുടെ ജനത സർവീസ് ഇന്നുമുതൽ ആരംഭിക്കും. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് നടത്തുക. കൊല്ലം ഡിപ്പോയിൽ നിന്ന് മേയർ പ്രസന്ന ഏണസ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസുകളാണ് ജനത സർവീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളിൽ ജീവനക്കാർക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സർവീസ് നടത്തുന്നത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനെക്കാൾ കുറച്ച് കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിനെക്കാൾ കുറഞ്ഞനിരക്കിലുമാണ് സർവീസ് നടത്തുക.
രാവിലെ 7.15 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിക്കാണ് സർവീസ്. തിരിച്ച് 10ന് തിരിക്കുന്ന ബസുകൾ 12ന് കൊല്ലത്ത് എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും. അഞ്ചിന് തമ്പാനൂർ, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കൽ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15ന് അവസാനിപ്പിക്കും.