യുഎഇയിലെ ഭാഗ്യം പാകിസ്ഥാനെ തുണച്ചില്ല; ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ഫൈനലിൽ
ജയവും തോൽവിയും മാറി മാറി വന്ന കളിയിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്‌ഡും മാർക്കസ് സ്റ്റോയ്‌ണിസും ആണ് ഓസ്‌ട്രേലിയൻ രക്ഷകരായത്. 19ആം ഓവറിൽ ഉജ്വല ഫോമിൽ ഉള്ള ഷഹീൻ അഫ്രിദിയെ തുടർച്ചയായി 3 സിക്സറുകൾ പറത്തിയാണ് മാത്യു വെയ്ഡ് ടീമിനെ ഫൈനലിൽ എത്തിച്ചത്. അയൽക്കാരായ ന്യൂസിലാൻഡാണ് ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളികൾ.
സ്വപ്നതുല്യമായ തുടക്കമാണ് ബാറ്റിങ്ങിലും ബൗളിംഗിലും പാകിസ്ഥാന് ലഭിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ അവർക്ക് ഓപ്പണർമാരായ നായകൻ ബാബർ അസം, കീപ്പർ മുഹമ്മദ് റിസ്വാൻ എന്നിവർ മികച്ച തുടക്കം നൽകി. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടം ഇല്ലാതെ 47 റൺസ് ആണ് അവർ നേടിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 71 റൺസ് കൂട്ടിച്ചേർത്തു. 39 റൺസ് എടുത്തു ബാബർ അസം പുറത്തായി എങ്കിലും പിന്നീട് എത്തിയ ഫഖർ സമാൻ റിസ്വാന് നല്ല പിന്തുണ നൽകി.
ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 72 റൺസ് കൂട്ടി ചേർത്തു. 52 പന്തിൽ 3 ഫോറിന്റെയും 4 സിക്സിന്റെയും അകമ്പടിയോടെ റിസ്വാൻ 67 റൺസ് നേടി. കൂറ്റനടിക്കാരൻ ആസിഫ് അലിയും(0) ഷോയിബ് മാലിക്കും(1) വന്നപോലെ മടങ്ങി എങ്കിലും ഫഖർ സമാൻ അടിച്ചു തകർത്തു. 32 പന്തിൽ 3 ഫോറും 4 സിക്‌സും പരാതി അദ്ദേഹം 55 റൺസ് നേടി. സ്റ്റാർക്ക് 2 വിക്കറ്റ് വീഴ്ത്തി.
പാകിസ്ഥാൻ പന്തെറിയാൻ വന്നപ്പോളും മികച്ച തുടക്കം കിട്ടി. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ആരോൺ ഫിഞ്ചിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അഫ്രീദി ഓസ്ട്രേലിയയെ സമ്മർദ്ധത്തിൽ ആക്കി. എന്നാൽ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് റൺ നിരക്ക് താഴ്ന്നുപോകാതെ സൂക്ഷിച്ചു. പവർ പ്ലേ ഓവറിൽ 52 റൺസ് ആണ് അവർ നേടിയത്.
എന്നാൽ സ്പിന്നർ ഷദാബ് ഖാൻ വന്നതോടെ കളി വീണ്ടും തിരിഞ്ഞു. ഏഴാം ഓവറിൽ മിച്ചൽ മാർഷിനേയും(28) ഒമ്പതാം ഓവറിൽ സ്മിത്തിനെയും (5) പതിനൊന്നാം ഓവറിൽ വാർണറേയും(30 പന്തിൽ 49) ഷദാബ് പുറത്താക്കി. 13ആം ഓവറിൽ മക്‌സ്വെല്ലും (7 ) ഷഹദാബിൻ്റെ ഇരയായി. ഇതോടെ 96ന് 5 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു. പിന്നീടാണ് മാത്യു വെയ്ഡ്- സ്റ്റോയ്‌ണിസ് സഖ്യം ടീമിനെ കരകയറ്റിയത്.
ഓസ്‌ട്രേലിയക്ക് ജയിക്കാൻ 46 പന്തിൽ 81 റൺസ് എന്നതായിരുന്നു വെയ്ഡ് ക്രീസിൽ എത്തുമ്പോൾ ഉള്ള സ്ഥിതി. ആദ്യം അടി തുടങ്ങിയത് സ്റ്റോയ്‌ണിസ് ആയിരുന്നു. പാക് ബൗളർമാരെ ഇരുവരും നന്നായി അടിച്ചു പറത്തി. അവസാന 12 പന്തിൽ 22 റൺസ് ആയിരുന്നു ഓസ്‌ട്രേലിയക്ക് വിജയിക്കാൻ വേണ്ടത്. എന്നാൽ അഫ്രീദി എറിഞ്ഞ 19ആം ഓവറിൽ നാലാം പന്തും അഞ്ചാം പന്തും ആറാം പന്തും സിക്സർ പറത്തി മാത്യു വെയ്ഡ് 6 പന്ത് ബാക്കി നിൽക്കെ ടീമിനെ വിജത്തിൽ എത്തിച്ചു. 17 പന്തിൽ 2 ഫോറും 4 സിക്‌സും പറത്തി വെയ്ഡ് 41 റൺസും 31 പന്തിൽ 2 സിക്‌സും 2 ഫോറും ഉൾപ്പടെ സ്റ്റോയ്‌ണിസ് 40 റൺസും നേടി. 4 ഓവറിൽ 26 റൺസ് വഴങ്ങിയാണ് ഷഹദാബ് 4 വിക്കറ്റ് നേടിയത്. വെയ്ഡ് ആണ് കളിയിലെ താരം. ഞായറാഴ്ചയാണ് ഫൈനൽ.