സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്‌നൗ കോടതി
ഹിന്ദുത്വ പ്രചാരകന്‍ വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ഉത്തര്‍പ്രദേശ് ലഖ്‌നൗ കോടതിയാണ് നോട്ടീസ് അയച്ചത്. അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസ് നവംബര്‍ ഒന്നിന് കോടതി പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തിന്മേലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടകേസ്. രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അംബ്രീഷ് കുമാര്‍ ശ്രീവാസ്തവ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ ലഖ്‌നൗ ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജഡ്ജി അശ്വിനി കുമാര്‍ ത്രിപാഠി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുകയായിരുന്നു.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് ഉപഹാരം സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സമൂഹത്തില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു രാഹുലിന്റെ പ്രസ്താവനകളെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.