ആഡംബര കപ്പല്‍ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍
ആഡംബര കപ്പല്‍ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആര്യന്‍ ഉള്‍പ്പെടെ 8 പേരെയാണ് മയക്കു മരുന്നുമായി എന്‍സിബി കസ്റ്റഡിയില്‍ എടുത്തത്. കോര്‍ഡീലിയ എന്ന ക്രൂസ് കപ്പലില്‍ എഫ്ടിവി സംഘടിപ്പിച്ച സംഗീത പാര്‍ട്ടിയിക്കിടെയായിരുന്നു മയക്കുമരുന്ന് ഉപയോഗം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ എത്തിയിരുന്നു. പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്.
കൊക്കെയിന്‍, ഹാഷിഷ്, എല്‍എസ്ഡി, എംഡി തുടങ്ങിയ മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എല്‍എസ്ഡി ഇവര്‍ ഓണ്‍ലൈനില്‍ വാങ്ങിയെന്നും മറ്റു ലഹരി മരുന്നുകള്‍ ഡല്‍ഹി സ്വദേശി കപ്പലില്‍ എത്തിച്ചു കൊടുത്തുവെന്നും ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. ആര്യന്റെയും ഷാരൂഖ് ഖാന്റെ മകളായ സുഹാനയുടെയും സുഹൃത്തും നടനുമായ അര്‍ബാസ് മര്‍ച്ചന്റ്, മൂണ്‍മുണ്‍ ധമേച, നൂപുര്‍ സരിക, ഇസ്മീത് സിങ്, മൊഹക് ജസ്വാള്‍, വിക്രാന്ത് ഛോക്കര്‍, ഗോമിത് ചോപ്ര തുടങ്ങിയവരാണ് പിടിയിലായ മറ്റുള്ളവര്‍.
ആര്യന്‍ മുന്‍പും മയക്കുമരുന്ന് വാങ്ങിയതിന്റെ തെളിവുകള്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ചുവെന്നാണ് വിവരം. താരപുത്രന്റെ ഫോണ്‍ പരിശോധിച്ചപ്പോളാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ലഭിച്ചത്. വാട്‌സാപ്പിലൂടെ നേരത്തേ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്തതിന്റെ തെളിവാണ് ലഭിച്ചത്. ആര്യനെതിരായ കേസ് ശക്തമാണെന്ന് എന്‍സിബി വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.