അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി; രാജ്യത്തെങ്ങും വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍
അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി. ഒന്‍പതു ദിനങ്ങളില്‍ ഏറ്റവും പുണ്യം നല്‍കുന്ന ദിനമായാണ് മഹാനവമിയെ കണക്കാക്കുന്നത്. നവരാത്രി നാളുകളിലെ ആദ്യ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജകള്‍ നടത്തുന്നു. പൂജവയ്പ്പിന്റെ രണ്ടാംനാളാണ് മഹാനവമി. ഒന്‍പതു ദിവസവും പൂജയും ചടങ്ങുകളുമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നവരാത്രി ആഘോഷിക്കുന്നുവെങ്കിലും കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിവരുന്നത്. ദുര്‍ഗാഷ്ടമി ദിനത്തില്‍ സന്ധ്യാദീപം കൊളുത്തി വിദ്യാര്‍ഥികള്‍ പുസ്തക പൂജയും മുതിര്‍ന്നവര്‍ ആയുധപൂജയും ആരംഭിക്കുന്നു. മഹാനവമി ദിവസം കഴിഞ്ഞ് ദശമി നാളില്‍ പൂജ അവസാനിക്കുന്നതുവരെ അക്ഷരം നോക്കുകയോ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ പാടില്ലെന്നാണ് ആചാരം. നാളെയാണ് വിജയദശമി. പുതിയ വിദ്യകള്‍ പഠിച്ചുതുടങ്ങാനും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കാനും അനുയോജ്യമെന്ന് കരുതുന്ന ദിനമാണ് നാളെ.
വിവിധ സംസ്ഥാനങ്ങളില്‍ പലവിധമാണ് നവരാത്രി ആഘോഷങ്ങള്‍. പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗര്‍ബയാണ് ഗുജറാത്തില്‍ പ്രധാനം. ഗര്‍ബയോടൊപ്പം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ദണ്ഡിയ നൃത്തം ചെയ്യുന്നു. ബംഗാളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും നവരാത്രിക്ക് പ്രധാനം ദുര്‍ഗാ പൂജയാണ്. ജാതിമത വ്യത്യാസമില്ലാതെ, ആഘോഷത്തില്‍ പങ്കെടുക്കുവാനും കാഴ്ചകള്‍ ആസ്വദിക്കാനും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് നിരവധി സഞ്ചാരികളും എത്താറുണ്ട്.