ന്യൂ ഇയറിന് മലയാളി കുടിച്ചത് റെക്കോര്‍ഡ് തുകയ്ക്ക്; ഒന്നാം സ്ഥാനം നിലനിര്‍ത്തി തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റ്

 | 
Bevco

പുതുവത്സര മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡ്. 82.26 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി ഡിസംബര്‍ 31ന് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 70.55 കോടി മാത്രമായിരുന്നു. ക്രിസ്തുമസ് വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ബെവ്‌കോ ഔട്ട്‌ലെറ്റ് ന്യൂ ഇയറിനും നേട്ടം ആവര്‍ത്തിച്ചു. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തൃശൂരിനെ പിന്തള്ളി കൊച്ചി മുന്നിലെത്തി. വില്‍പനയില്‍ രണ്ടാം സ്ഥാനത്തെത്തിയ പാലാരിവട്ടം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 81 ലക്ഷം രൂപയുടെ കച്ചവടം നടന്നു. മൂന്നാം സ്ഥാനം കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 77.33 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റഴിച്ചു. ക്രിസ്തുമസിന് ചാലക്കുടി, ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുകള്‍ക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ക്രിസ്തുമസ് ദിനത്തില്‍ ആകെ 73 കോടി രൂപയുടെ മദ്യം മലയാളി കുടിച്ചു തീര്‍ത്തുവെന്നാണ് കണക്ക്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ എട്ടു കോടിയുടെയും മദ്യം വിറ്റു. ക്രിസ്തുമസ് തലേന്ന് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ 11.5 കോടി രൂപയുടെ മദ്യവും വിറ്റു പോയിരുന്നു.