മല്ലു ട്രാവലർ കാനഡയിൽ നിന്നും ലണ്ടനിലെത്തി; ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും അടുത്തയാഴ്ച നാട്ടിലെത്തും
മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബാൻ കാനഡയിൽ നിന്നും ലണ്ടനിലെത്തി. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും അടുത്തയാഴ്ച നാട്ടിലെത്തുമെന്ന് ഷാക്കിറിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി.
സൗദി യുവതി നൽകിയ ലൈംഗികാതിക്രമ കേസിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാന്‍ അന്വേഷണം നേരിടുന്നത്. യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. സൗദി എംബസിക്കും, കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിനിടെ പൊലീസ് ഷാക്കിറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി. യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.