ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
ആലുവയില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ എട്ടു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റലിന്‍ ആണ് പിടിയിലായത്. ഇയാളെ ഉച്ചയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രതി കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു. ഇയാള്‍ 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളഞ്ഞത്. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മര്‍ദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയല്‍ക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.